English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തീയതി/വര്‍ഷം  1978

 

പ്രാക് ചരിത്രം

 

ഭാരതപ്പുഴയോട് ചേര്‍ന്നുകിടക്കുന്ന ഷൊര്‍ണ്ണൂരിന്റെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതില്‍ പ്രധാനം കവളപ്പാറ സ്വരൂപത്തിന്റെ പ്രതാപകാലവും തകര്‍ച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കല്‍ മാതാവിന്റെ വംശജരാണ് കവളപ്പാറ സ്വരൂപത്തിലെ പൂര്‍വ്വികന്മാര്‍ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിന്റെ മൂലസ്ഥാനം ഷൊര്‍ണ്ണൂരിനടുത്തുള്ള പള്ളിക്കല്‍ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സാമൂതിരിയുടെ കൂറ് പ്രദേശമായിരുന്ന് കവളപ്പാറ. ഇവിടെ കവളപ്പാറ നായര്‍ അധികാരം സ്ഥാപിച്ചതില്‍ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായര്‍ സാമൂതിരിയുടെ സേനാനായകന്‍മാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിന്റെ സഹായത്തോടെയും നായര്‍ പടയുടെ പിന്‍ബലത്തിലും അധികാരം നിലനിര്‍ത്തുകയും ചെയ്തു.

 

സ്ഥലനാമോല്‍പത്തി

 

റവന്യൂ രേഖകളില്‍ ചിറമണ്ണൂര്‍ എന്നും റയില്‍വെ രേഖകളില്‍ ചെറുമണ്ണൂര്‍ എന്നും നാമകരണ ചെയ്തു കാണുന്നു. ചിറമണ്ണൂര്‍ പരിണമിച്ചാണ് ഷൊര്‍ണൂരായതെന്നും, ചിറമണ്ണൂര്‍ എന്ന പേര് ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് കൈവന്നതാവാം എന്ന് അനുമാനിക്കാം.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

 

1921 -ല്‍ മലബാര്‍ കലാപകാലത്ത് നിരവധി ആളുകള്‍ കവളപ്പാറയില്‍ അഭയം പ്രാപിച്ചെന്നും, അവരെ കലാപകാരികളില്‍ നിന്നും സംരക്ഷിച്ചതിന്റെ ഭാഗമായി മൂപ്പില്‍ നായര്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് കേണല്‍ സ്ഥാനം നല്‍കുകയും ചെയ്തിട്ടുണ്ട്.

 


സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

 

1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ അച്ചുകൂടം കുളപ്പുള്ളിയില്‍ സ്ഥാപിച്ചു. 1934 ല്‍ എ.സി.പി. നമ്പൂതിരി പ്രിന്റിംഗ് ആന്റ് പബ്ളിഷറും, ഇ.എം.എസ് നമ്പൂതിരിപ്പാട് പത്രാധിപരവുമായി 'പ്രഭാതം' എന്ന പേരില്‍ ഒരു പത്രസ്ഥാപനം ഷൊര്‍ണൂരില്‍ സ്ഥാപിച്ചു. കേരളത്തില്‍തന്നെ ആദ്യമായി തൊഴിലാളി സമരം നടന്ന സ്ഥലം എന്ന സ്ഥാനവും ഷൊര്‍ണൂരിന് ഉള്ളതാണ്. 1935 ല്‍ മാത്രമാണ് റെയില്‍വെയില്‍ 'എ.ഐ.റ്റി.യു.സി' എന്ന തൊഴിലാളി സംഘടന പ്രവര്‍ത്തനമാരംഭിക്കുന്നത്. കവളപ്പാറ എ.യു.പി.സ്കൂള്‍ ആണ് ഷൊര്‍ണ്ണൂരിലെ ആദ്യത്തെ വിദ്യാലയം. മൂപ്പില്‍ നായര്‍ താഴെക്കിടയിലുള്ളവര്‍ക്കു വേണ്ടി ഒരു 'തിയ്യ' സ്കൂളും അതില്‍ തന്നെ ഹരിജനങ്ങള്‍ക്കുവേണ്ടി ഒരു പഞ്ചമം സ്കൂളും ആരംഭിച്ചു.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

സ്വാമിവിവേകാനന്ദന്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കാളവണ്ടിയിലാണ് തൃശൂരിലേക്ക് യാത്രചെയ്തത്. ഇവിടെ ആദ്യമായി മോട്ടോര്‍കാര്‍ കൊണ്ടുവന്നത് മൂപ്പില്‍ നായരാണ്. 1860-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂരിലൂടെ റെയില്‍വെ ആരംഭിച്ചു. ലോക്കോ ഷെഡ് ഉള്‍പ്പെട്ട ഷൊര്‍ണ്ണൂര്‍ റെയില്‍ ജംഗ്ഷന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വെ ജംഗ്ഷന്‍ എന്ന പേരിലറിയപ്പെട്ടു. 1921 ല്‍ നിലമ്പൂര്‍ റെയില്‍വേ സ്ഥാപിച്ചു 1890 ല്‍ ഷൊര്‍ണ്ണൂരില്‍ എ.കെ.റ്റി.കെ.എം. നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂര്‍ ടൈല്‍ വര്‍ക്സ് പ്രവര്‍ത്തനമാരംഭിച്ചു. 1927-28 ക്കാലത്താണ് ചെമ്മരിക്കാട്ട് മാത്യുവിന്റെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂരില്‍ ഒരു ബസ് സര്‍വ്വീസ് ആരംഭിച്ചത്.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

 

1961 ന് മുമ്പ് ഷൊര്‍ണൂര്‍ പഞ്ചായത്ത് രൂപീകരിച്ചത്. 1978 ലാണ് ഇന്നത്തെ നഗരസഭ രൂപീകൃതമായത്. ആദ്യകാല ചെയര്‍മാന്‍-പി.പി.കൃഷ്ണന്‍ ആയിരുന്നു.